മനാമ: ബഹ്‌റൈനില്‍ ‘വര്‍ക്ക് ഫ്രം ഹോം’ സമ്പ്രദായത്തിന് അംഗീകാരം വര്‍ദ്ധിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സിബിആര്‍ഇ(CBRE) നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബഹ്‌റൈനിലെ 75 ശതമാനം വരുന്ന ബിസിനസ് സംരംഭകരും ‘വര്‍ക്ക് ഫ്രം ഹോം’ (വീടുകളില്‍ നിന്ന് തൊഴിലെടുക്കുക) സമ്പ്രദായത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
75 ശതമാനത്തോളം ബിസിനസ് സ്ഥാപനങ്ങള്‍ ഭാവിയില്‍ വീടുകളില്‍ നിന്ന് തൊഴിലെടുക്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് തൊഴിലെടുക്കുന്ന രീതിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ജൂണ്‍ 15 മുതല്‍ 30 വരെയുള്ള കാലഘട്ടങ്ങളിലാണ് സിബിആര്‍ഇ സര്‍വ്വേ നടത്തിയിരിക്കുന്നത്. 250ലധികം സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുവെന്നും സിബിആര്‍ഇ വ്യക്തമാക്കുന്നു.