മനാമ: ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാനത്തിൻ്റെ നിരക്ക് വർധിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് സർവീസിന് ഇതുവരെ 85 ദിനാർ ആയിരുന്നത് 106 ദിനാർ ആയാണ് വർധിപ്പിച്ചിരിക്കുന്നത്. 21 ദിനാറിൻ്റെ അധികച്ചെലവാണ് ഇനി യാത്രക്കാർക്ക് ഉണ്ടാവുക. വിമാന സർവീസിനുള്ള ചെലവ് ഉയർന്ന സാഹചര്യത്തിലാണ് നിരക്ക് കൂട്ടിയതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സൂചിപ്പിക്കുന്നത്.
വന്ദേഭാരത് മിഷൻ്റെ നാലാം ഘട്ടത്തിൽ
ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് ജൂലൈ 28നാണ് ഇനി സർവീസുള്ളത്. പുതിയ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് പുറപ്പെടാനിരിക്കുന്ന ഏക വിമാനവും ഇതാണ്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി മിഷൻ്റെ നാലാം ഘട്ടത്തിൽ കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് യാത്രികരെ കൊണ്ടുവരാൻ അനുമതി ലഭിച്ചിരുന്നില്ല.
ഇതുവരെ 3398 പേരാണ് ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് ദൗത്യം വഴി നാടണഞ്ഞത്. ചാർട്ടേഡ് വിമാനങ്ങളും നിരവധിയായി വന്നതോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക് ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.