മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെയാണ് ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ സുപ്രിം കമ്മറ്റിയാണ് പുതിയ നിയന്ത്രണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രാരംഭത്തിലാവുന്നതോടെ ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകളും നിര്‍ത്തിവെക്കേണ്ടി വരും. ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഒമാനില്‍ വലിയ തോതില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി. സമീപ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകള്‍ അടച്ചിടുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
പ്രധാന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇവയാണ്.
- ലോക്ക് ഡൌണ്‍ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രകളും പൊതു സ്ഥലത്തെ ഒത്തുചേരലുകളും നിരോധിച്ചു.
- വാണിജ്യ സ്ഥാപനങ്ങളും കടകളും രാത്രി 7 മണി മുതല്‍ അടച്ചിടും.
- നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കും. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി
- ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പെരുന്നാള്‍ നമസ്‌കാരങ്ങളും, എല്ലാ ആഘോഷങ്ങള്‍ക്കും നിരോധനം