ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 37,724 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11,92,915 ആയി. ഇന്നലെ 648 പേര്‍ കൂടി മരണപ്പെട്ടതോടെ ആകെ മരണ സംഖ്യ 28,732 ആയി ഇയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 7,53,049 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 47,24,546 സാംപിളുകള്‍ പരിശോധിച്ചിട്ടുണ്ട് എന്ന് ഐസിഎംആര്‍ അറിയിച്ചു. 3,43,243 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധനക്ക് അയച്ചത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് രോഗബാധിതര്‍ കൂടുതലും ഉള്ളത് മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 8369 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 3.27 ലക്ഷം രോഗബാധിതരാണ് ആകെ സംസ്ഥാനത്തുള്ളത്. അതേസമയം തമിഴ്നാട്ടില്‍ ഇന്നലെ 4,965 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,80,643 ആയി. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തില്‍ ഇന്നലെ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 21) 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 39 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.