ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ രണ്ട് ബിജെപി നേതാക്കള്‍ രണ്ട് വിചിത്ര പരിഹാര മാര്‍ഗങ്ങളുമായി രംഗത്തുവന്നു.
മെഡിക്കല്‍ സയന്‍സിനോ ഇതര ശാസ്ത്ര ഗവേഷണ മേഖലകള്‍ക്കോ കേട്ടുകേള്‍വി പോലുമില്ലാത്ത രണ്ട് വാദങ്ങളാണ് ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് ഠാക്കൂര്‍, കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേവാള്‍ എന്നിവര്‍ ഉയര്‍ത്തിയത്. ഭാഭാജി പപ്പടം കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ശക്തിയാര്‍ജിക്കാമെന്നായിരുന്നു അര്‍ജുന്‍ റാമിന്റെ പ്രസ്താവന. അഭിപ്രായത്തെ സോഷ്യല്‍ മീഡിയ കണക്കിന് ട്രോളുകയും ചെയ്തു.
പിന്നാലെയാണ് പ്രഗ്യ സിംഗിന്റെ പ്രസ്താവനയെത്തുന്നത്. കൊവിഡ് 19 മഹാമാരിയെ തുരത്താന്‍ ഓഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളില്‍ നിത്യവും ഹനുമാന്‍ കീര്‍ത്തനം ചൊല്ലണമെന്നായിരുന്നു ഠാക്കൂറിന്റെ നിര്‍ദ്ദേശം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടുന്നത് ഓഗസ്റ്റ് അഞ്ചിനാണ്.
‘കൊവിഡ് മഹാമാരിയെ തോല്‍പ്പിക്കാനും ആളുകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും നമ്മുക്ക് ഒരു ആത്മീയ ശ്രമം നടത്താം. ജൂലെ 25 മുതല്‍ ഓഗസ്റ്റ് 5 വരെ ദിവസവും അഞ്ച് തവണ ഹനുമാന്‍ ചലിസ ചൊല്ലണം’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഠാക്കൂര്‍ പറയുന്നു.