മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബലിപെരുന്നാളിന് ജനങ്ങള്‍ കരുതലോടെ നീങ്ങണമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. വീട്ടിലുള്ളവര്‍ ഒഴികെയുള്ളവര്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒത്തുചേരാന്‍ പാടില്ല, പെരുന്നാള്‍ സമ്മാനങ്ങള്‍ ബാങ്കുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നത് കര്‍ശനമായി പാലിക്കണം, ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള സ്‌നേഹാന്വേഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ കൈമാറാമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുകയെന്നത് കൊറോണ വൈറസ് പടരാതിരിക്കാന്‍ വലിയ തോതില്‍ സഹായിക്കും. പെരുന്നാള്‍ പ്രമാണിച്ച് സാധാരണയായി നടക്കുന്ന ആഘോഷങ്ങളില്‍ നിന്നും വിഭിന്നമായി ഇത്തവണ ഒത്തുചേരലുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നത് കോവിഡിനെ അകറ്റി നിര്‍ത്തും. സാമൂഹിക അകലം പാലിക്കുന്നതില്‍ വീട്ടുവീഴ്ച്ച പാടില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് പ്രസിഡന്റ് ലിറ്റനന്‍ഡ് ജനറല്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ.
ജനങ്ങള്‍ക്കെല്ലാവര്‍ക്കും സൗഖ്യവും ആരോഗ്യവും ഉണ്ടാകുന്ന പെരുന്നാള്‍ ആശംസിക്കുന്നതായി ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി.