മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി അടുക്കത്ത് വീട്ടിൽ ജമാൽ പാറക്കുതാഴെ(55) യാണ് മരിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബഹ്റൈനിൽ കലിമ കർട്ടൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 37 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. പിതാവ് പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ് ഹാജി, മാതാവ് ഹലീമ(late), ഭാര്യ: സറീന പാലേരി, മക്കൾ: തൻവീർ(25, ഖത്തർ), ഷക്കീബ് (19). മരുമകൾ: റഈസ, സഹോദരങ്ങൾ: അലി, അഷ്റഫ്, ഫാത്തിമ, സുലൈഖ (പരേത), സഫിയ ഫറോവ്, സൈനബ പാതിരിപ്പറ്റ.
കഴിഞ്ഞ ജൂൺ 27നായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ക്വാറൻ്റീനിൽ പ്രവേശിക്കുകയായിരുന്നു. ജൂലൈ 3 ഓട് കൂടി കോവിഡ് ഫലം നെഗറ്റീവായി ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു ശ്വസന സംബന്ധമായ പ്രയാസങ്ങൾ അനുഭവപ്പെട്ട് സിത്രയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടർന്നാണ് നില ഗുരുതരമായതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്. വെൻ്റിലേറ്ററിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 2:15 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾക്കനുസൃതമായി ബഹ്റൈനിൽ തന്നെ സംസ്കരിക്കും.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 141 ആയി ഉയർന്നു. ഇവരിൽ അഞ്ച് പേർ മലയാളികളാണ്. നിലവില്‍ 3301 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 47 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 35689 പേർ രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതുവരെ 7889910 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.