കൊച്ചി: കേരളത്തില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ കൂടി മരണപ്പെട്ടു. എടത്തല സ്വദേശി മോഹനന്‍ (65), പള്ളിക്കര അമ്പലപ്പടി സ്വദേശി അബുബക്കര്‍ (72), ഇടുക്കി രാജാക്കാട് മാമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സി വി വിജയന്‍ (61) , പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണി (79) എന്നിവരാണ് ഇന്ന് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് മോഹനനെ ആലുവ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അബുബക്കറിനെ കഴിഞ്ഞ 23 നാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മൂമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്.
പാന്‍ ക്രിയാസ് ക്യാന്‍സര്‍ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ മരണം സംഭവിച്ചു. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയില്‍ മരണപ്പെട്ട ചക്രപാണിക്ക് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച മരണശേഷം ഇദ്ദേഹത്തിന്റെ ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ചത്.