ന്യൂഡല്‍ഹി: ടിക് ടോക്കിന് പിന്നാലെ 47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ നിരോധിച്ചിരുന്ന 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകളാണ് ഇത്തവണ നിരോധിച്ചത്. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്. കൂടാതെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷയ്ക്കും വ്യക്തികളുടെ സ്വകാര്യതക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ പബ്ജി ലുഡോ വേള്‍ഡ്, സിലി, 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്യു എന്നീ ആപ്പുകള്‍ നിരോധന പട്ടികയിലുണ്ടെന്നാണ് സൂചന. കൂടാതെ ടെക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ കൂടുതല്‍ പേരും ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയില്‍ ഏകദേശം 300 മില്യണ്‍ ഉപഭോക്താക്കളാണ് ചൈനീസ് ആപ്പുകള്‍ക്ക് ഉള്ളത്. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.