മനാമ: ഈദ് ദിനത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബഹ്‌റൈന്‍ മന്ത്രിസഭാ യോഗം. ഈദിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. മന്ത്രിസഭാ യോഗം ഓര്‍മ്മപ്പെടുത്തി. നേരത്തെ ഈദ് കൂടിച്ചേരലുകള്‍ പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കാണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്‌റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്‌റൈന്‍ ജനതക്കും അറബ്, ഇസ്‌ലാമിക സമൂഹത്തിനും മന്ത്രിസഭ യോഗം ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈദ് ആശംസകള്‍ നേര്‍ന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യോഗം.
നിലവില്‍ രാജ്യം നടത്തികൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ ഉള്‍പ്പെടെ ഈദിനോട് അനുമബന്ധിച്ച് കൂടിച്ചേരലുകള്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ഇത്തരം ഒരുമിച്ച് ചേര്‍ന്നുള്ള കൂടിച്ചേരലുകള്‍ പാടുള്ളുവെന്നും മന്ത്രിസഭ യോഗം ഓര്‍മ്മപ്പെടുത്തി.