മനാമ: പുതിയ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഇന്ന് ബഹ്‌റൈനിലെത്തും. ഏതാണ്ട് ആറ് മാസത്തോളമായി ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അംബാസിഡര്‍ എത്രയും പെട്ടന്ന് സ്ഥാനമേല്‍ക്കണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ രംഗത്ത് വന്നിരുന്നു
അലോക് കുമാര്‍ സിന്‍ഹ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ നിയമനം. 1998ലാണ് പിയൂഷ് ശ്രീവാസ്തവ ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബഹ്‌റൈനില്‍ നിയമിതനാവുന്നതിന് മുന്‍പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയായി (നോര്‍ത്ത്) സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ജര്‍മ്മനി, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഘാനയിലെ ഡെപ്യൂട്ടി ചീഫ് കമ്മീഷനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഘാനയിലെ ഇന്ത്യന്‍ എംബസിയിലെ ജോലിക്ക് ശേഷമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയായി ചുമതലേയേറ്റത്.