മനാമ: ബ്രിട്ടനില്‍ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യൂറോപ്യന്‍ രാജ്യങ്ങള്‍. വളര്‍ത്തുമൃഗങ്ങളെ ഉമ്മവെക്കുകയും താലോലിക്കുകയും ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗത്തിന് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ന്യൂയോര്‍ക്കില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂച്ചയെ കൂടാതെ അമേരിക്കയിലെ മൃഗശാലയിലെ കടുവകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ച പൂച്ചയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൂച്ചയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ വ്യതിയാനങ്ങളൊന്നുമില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉടമസ്ഥന്റെ മുറിയിലോ പരിസരങ്ങളിലോ വളര്‍ത്തുമൃഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് നിര്‍ദേശമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ മിക്കയിടങ്ങളിലും പൂച്ച, പട്ടി തുടങ്ങിയവ വലിയ തോതില്‍ വളര്‍ത്തുമൃഗങ്ങളായി പരിപാലിച്ചു വരുന്നുണ്ട്.
അതേസമയം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതിന് തെളിവൊന്നുമില്ലെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിലവിലുള്ള വിശദീകരണം. മനുഷ്യരിലേക്ക് വൈറസിന്റെ വ്യാപനത്തിന് മൃഗങ്ങള്‍ കാരണമാകില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ കമ്പാരറ്റീവ് വൈറോളജി വിഭാഗത്തിലെ പ്രൊഫസറായ മാര്‍ഗരറ്റ് ഹോസീയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസ് സ്ഥിരീകരിച്ച പൂച്ചയെ നിരീക്ഷിക്കുന്നത്.