മനാമ: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 40-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ പ്രതിഭ സ്വരലയ 31ന് വെള്ളിയാഴ്ച രാത്രി എട്ടിന് റഫി അനുസ്മരണ ഗാനാഞ്ജലി സംഘടിപ്പിക്കും. ‘റഫി: സഹസ്രാബ്ദത്തിന്റെ ശബ്ദം’ എന്ന വിഷയത്തില്‍ ദി ഹിന്ദു ദിനപത്രം പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് അബ്ദുല്‍ ലത്തീഫ് നഹ അനുസ്മരണ പ്രഭാഷണം നടത്തും. റഫിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അദ്ദേഹം ആലപിക്കും. ഇതോടൊപ്പം റഫി ക്വിസും നടക്കും.
ചടങ്ങില്‍ ഡോ. കൃഷ്ണകുമാര്‍ മോഡറേറ്ററാകും. പ്രതിഭ കള്‍ച്ചറല്‍ വിംഗിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായാണ് പരിപാടി സംഘടിപ്പിക്കുക.
ഇന്നും കാലം മൂളി നടക്കുന്ന ഈണമാണ് റഫി. ആ സ്വരം നിലച്ചിട്ട് വെള്ളിയാഴ്ച 40 വര്‍ഷം തികയുകയാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും പൂര്‍ണതയുള്ള ഗായകന്‍, സഹസ്രാബ്ദത്തിന്റെ ശബ്ദം, ദൈവത്തിന്റെ കയ്യാപ്പ് പതിഞ്ഞ ശബ്ദം എന്നിങ്ങനെ വിവിധ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ഹിന്ദി സിനിമാ ഗാന ചരിത്രത്തിലെ പകരംവെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് റഫി. ഏത് പാട്ടിന്റെയും ആത്മാവ് കണ്ടെത്തി അത് തന്റെ ശബ്ദത്തിലൂടെ ആവിഷ്‌കരിക്കാനുള്ള കഴിവ് അദ്ദേഹത്തെ സിനിമാ സംഗീത ലോകത്തെ അപൂര്‍വ്വ പ്രതിഭാസമാക്കി. നാല് ദശാബ്ദക്കാലം ഇന്ത്യന്‍ സംഗീതത്തിലെ അജയ്യ ചക്രവാര്‍ത്തിയായിരുന്ന റഫി 26,000 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കഥാവശേഷനായി നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും റഫി പാടുകയാണ്; നിലക്കാത്ത നാദധാരയായി.