ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ബിജെപി മുതിര്‍ന്ന നേതാവ് കൂടിയായ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
”കോവിഡ്-19 ന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് പിന്നാലെ ഞാന്‍ പരിശോധനയ്ക്ക് വിധേയമായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ വ്യക്തമായി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ഥിക്കുന്നു.” -അമിത് ഷാ ട്വീറ്റ് ചെയ്തു.