മനാമ: ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച സൗദിക്ക് ആശംസകളും നന്ദിയുമറിയിച്ച് ബഹ്‌റൈന്‍. ഹജ്ജിന്റെ സുഖമമായി നടത്തിപ്പിന് നേതൃത്വം വഹിച്ച സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ പ്രത്യേകം നന്ദിയും ആശംസകളും അറിയിക്കുന്നതായി ബഹ്‌റൈന്‍ ഭരണാധികാരികള്‍ വ്യക്തമാക്കി.
ലോകത്തെ ആകമാനം ആശങ്കയിലാക്കിയ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടത്ത പ്രതിസന്ധിക്കിടയില്‍ ഹജ്ജ് കര്‍മങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത് നേട്ടമാണെന്നും ഇസ്‌ലാമിക സമൂഹത്തിന് കരുത്ത് നല്‍കുന്ന തീരുമാനമാണെന്നും ബഹ്‌റൈന്‍ വിലയിരുത്തി. കോവിഡ് രോഗബാധിതര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് ഇത്തവണ ഹജ്ജിന് അനുവാദം ലഭിച്ചിരുന്നില്ല. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഹജ്ജ് കര്‍മ്മം.