തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ്, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മരണം സംഭവിച്ചത്. തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എപി അബ്ദുള്‍ ഖാദര്‍ (62), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70), വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ(63) എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. മരിച്ചവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
അബ്ദുള്‍ ഖാദര്‍ ചികിത്സക്കിടയിലാണ് മരണപ്പെട്ടത്. കാന്‍സര്‍ ബാധിതനായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പോള്‍ ജോസഫിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുലേഖക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നലെ വരെ സംസ്ഥാനത്ത് 84 പേരാണ് കോവിഡിനാല്‍ മരണപ്പെട്ടത്. കേരള സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് മരിച്ചവരില്‍ 70 ശതമാനം പേരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.