മൂന്നാര്‍: ഇടുക്കിയിലെ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍. 75ലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക സൂചന. രക്ഷാപ്രവര്‍ത്തകരും ദൗത്യ സംഘവും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാജമലയില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരു പ്രദേശമാകെ ഒലിച്ചുപോയിട്ടുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ഒന്നിലേറെ ലയങ്ങള്‍ മണ്ണിനടിയിലാണെന്ന് വിവരം. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തേക്ക് ഓടിയെത്താന്‍ കൃത്യമായ റോഡുകളില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പരിമിതമായ യാത്ര മാര്‍ഗത്തിലൂടെ ഓഫ് റോഡുകള്‍ വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ ദുരന്തമുഖത്ത് എത്തിച്ചേര്‍ന്നത്. 15ലേറെ പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതോടെ എയര്‍ലിഫ്റ്റിംഗിനായി ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് എത്തിച്ചേരണമെങ്കില്‍ കാലാവസ്ഥാ അനുകൂലമായെ മതിയാവു. ഇടമലക്കുടിയില്‍ നിന്നുള്ള ആദിവാസികള്‍ സംഭവ സ്ഥലത്തേക്ക് എത്തിച്ചേരുകയും പ്രാഥമിക രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് മാത്രമാണ് സ്ഥലത്തുള്ള ഔദ്യോഗിക സംഘം.