മനാമ: സ്‌ഫോടനത്തില്‍ തകര്‍ന്ന ലബനീസ് നഗരമായ ബെയ്‌റൂട്ടിന് കൈത്താങ്ങുമായി ബഹ്‌റൈന്‍. അടിയന്തരമായി ആവശ്യമുള്ള മരുന്നുകളുമായി ആദ്യ വിമാനം ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ടു. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അള്‍ ഖലീഫയുടെയും യുവജനകാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ബിന്‍ നാസ്സര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടേയും നിര്‍ദേശപ്രകാരമാണ് മരുന്നുകളെത്തിക്കുന്നത്.
ഇതിനായി റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്നത്. ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യമുള്ളതായി ലെബനന്‍ വ്യക്തമാക്കിയിരുന്നു. ആഗോളതലത്തില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും ലെബനീസ് ഭരണകൂടം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ആഗസ്റ്റ് 5 ഉച്ചയ്ക്കാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ തകര്‍ത്തെറിഞ്ഞു കൊണ്ട് ഉഗ്ര സ്‌ഫോടനമുണ്ടാവുന്നത്. സ്ഫോടനത്തിന്‍ 135 പേരെങ്കിലും മരിച്ചതായിട്ടാണ് സൂചന. ഏതാണ്ട് 250 കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2750 ടണ്‍ നൈട്രേറ്റാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ തീവ്രവാദ ആക്രമണമാണോയെന്ന് വ്യക്തമല്ല. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ആശുപത്രികള്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാനങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളുമാണ് സ്ഫോടനത്തില്‍ തകര്‍ന്നിരിക്കുന്നത്. 5000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനീസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ ബഹ്റൈന്‍ രംഗത്ത് വന്നിരുന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.