ബഹ്റൈനടക്കമുള്ള അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവങ്ങളും പ്രശ്നങ്ങളും ചര്‍‌ച്ച ചെയ്യാന്‍‌ ബഹ്റൈറൈനടക്കമുള്ള അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. സിറിയയുടെ അറബ് ലീഗ് പ്രവേശമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോര്‍ദാനിലാണ് യോഗം ചേര്‍ന്നത്. ഫലസ്തീന്‍, യമന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ വിഷയളും ചര്‍ച്ചയായി.

ബഹ്റൈനു പുറമെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പശ്ചിമേഷ്യയെ ഒന്നായി ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ പങ്കെടുത്ത രാജ്യങ്ങളുടെ അഭിപ്രായ ഏകീകരണം വരുത്തുകയായിരുന്നു ലക്ഷ്യം.

ആഭ്യന്തര-ഐ.എസ് പ്രശ്നങ്ങളോടെ അറബ് ലീഗില്‍ നിന്ന് പുറത്തായിരുന്നു സിറിയ. പ്രശ്നങ്ങളവസാനിക്കുന്ന പുതിയ സാഹചര്യത്തില്‍ മടങ്ങി വരാന്‍ രാജ്യത്തിന് താല്‍പര്യമുണ്ട്. സിറിയയുടെ പുനരുദ്ധാരണത്തിനും ഇതാവശ്യമാണ്. ഇതില്‍ വ്യത്യസ്ത അഭിപ്രായമാണ് അറബ് രാജ്യങ്ങള്‍ക്കിടയില്‍. ഇത് യോഗത്തിന്റെ പ്രഥമ അജണ്ടില്‍ വന്നു. പക്ഷേ തീരുമാനം പരസ്യപ്പെടുത്തിയിട്ടില്ല.

ഇറാഖിന്റെ പുനരുദ്ധാരണം, യമനിലെ രാഷ്ട്രീയ സംഘര്‍ഷവും പരിഹാരവും, ഫലസ്തീനുള്ള പിന്തുണയും സഹായവും എന്നീ വിഷയങ്ങളും യോഗത്തില്‌‍ ചര്‍ച്ചയായി.