ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി പ്രതിദിന കോവിഡ് മരണ നിരക്ക് 1000 കടന്നു. 1007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 44,386 ആയി. കൂടാതെ ഇന്നലെ മാത്രം 62,064 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 22 ലക്ഷം കടന്നു. 22,15,704 പേര്‍ക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രോഗമുക്തി നിരക്ക് 15 ലക്ഷം കടന്നത് ഇന്ത്യക്ക് ആശ്വാസ വാര്‍ത്തയാണ്. 15,35,743 പേരാണ് ഇതുവരെ രോഗമുക്തരായത്. 68.78 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 6,34,945 പേര്‍ വിവധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ കൂടുതല്‍ ഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. 12,248 പേര്‍ക്കാണ് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. ആന്ധ്രയില്‍ 10,820 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം തമിഴ്നാട്ടില്‍ രോഗികളുടെ പ്രതിദിന വര്‍ദ്ധന 5994 ആയി ഉയര്‍ന്നു. 5,985 പേര്‍ക്ക് ഇന്നലെ കര്‍ണ്ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ ഉത്തര്‍പ്രദേശ് പശ്ചിമ ബംഗാള്‍ ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. നിലവില്‍ രാജ്യത്തെ പ്രതിദിന സാംപിള്‍ പരിശോധന ഏഴ് ലക്ഷമായി ഉയര്‍ത്താന്‍ ആയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ ഇന്നലെ 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.