bahrainvartha-official-logo
Search
Close this search box.

നിരാലംബർക്ക് കൈത്താങ്ങായി ‘പ്രതീക്ഷ ബഹ്റൈൻ’ പ്രവർത്തനങ്ങൾ തുടരുന്നു

IMG_20190427_220627

പ്രതീക്ഷയുടെ ഗൾഫ് കിറ്റ് കൈമാറി

മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പത്ത് വർഷം മുമ്പ് ബഹ്റൈനിലേയ്ക്ക് വരികയും, ആദ്യ വർഷങ്ങളിൽ കിട്ടിയ തുശ്ചമായ ശമ്പളം മുഴുവനായും, വിസ ഫീസായി ഏജന്റ് കൈവശപ്പെടുത്തുകയും, കടുത്ത സാമ്പത്തിക ബാധ്യത മൂലം ഇവിടെ തുടരേണ്ടി വരികയും, അവസാനം സ്വപ്നങ്ങളെല്ലാം വിഫലമായി, വിസയോ, പാസ്സ്പോർട്ടോ, ജോലിയോ, സ്ഥിര വരുമാനമോ, ഭക്ഷണമോ എന്തിന് താമസിക്കാനൊരിടമോ പോലും ഇല്ലാതെ, മഴയെന്നോ ചൂടെന്നോ ഇല്ലാതെ മനാമയിലെ ഒരു ഫ്ലാറ്റിന്റെ ടെറസിൽ കഴിയേണ്ടി വന്ന, കൊല്ലം സ്വദേശിയായ സുലൈമാൻ എന്ന സഹോദരന്റെ അവസ്ഥ, ഇതിനോടകം നമ്മടെയെല്ലാം ഉള്ളു പൊള്ളിച്ചിരുന്നുവല്ലോ.

ബഹ്‌റൈൻ KMCC യുടെ ഇടപെടലിൽ, ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ ആ സാധു മനുഷ്യന് നാട്ടിലേക്കുള്ള യാത്ര സാധ്യമാവുമ്പോൾ, ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന അദ്ദേഹത്തിന്, ധരിക്കുവാനുള്ള ഡ്രെസ്സും, മകളുടെ വിവാഹത്തിന് പോലും നാട്ടിലെത്താൻ സാധിക്കാതിരുന്ന ആ ഹതഭാഗ്യന്, ആദ്യമായി കാണാൻ പോവുന്നതും, ഒന്നും ഉൾക്കൊള്ളുവാൻ പോലും പ്രായമായിട്ടില്ലാത്ത, മകളുടെ ചെറിയ മക്കൾക്ക് സമ്മാനിക്കാൻ, കളിപ്പാട്ടങ്ങളും, ചോക്ലേറ്റ്സും അത് പോലെ മറ്റ് ആവശ്യസാധനങ്ങളും അടങ്ങിയ ബാഗ് (പ്രതീക്ഷ-ഗൾഫ് കിറ്റ്) നൽകി.

അങ്ങനെ ഏതൊരു ഗൾഫുകാരനെയും പോലെ, തിരിച്ച് വീട്ടിലെത്തുമ്പോൾ, ചെറിയ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കായി കൈയിലെന്തെങ്കിലും കരുത്തണമെന്നും, അത് സമ്മാനിക്കുമ്പോൾ ആ സന്തോഷം കണ്ട്, സ്വന്തം ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും തൽക്കാലത്തേക്കെങ്കിലും മറക്കണമെന്നുമുള്ള ആഗ്രഹം സുലൈമാനും സാധ്യമാവട്ടെ.

അങ്ങനെ ഒരു ചെറുപുഞ്ചിരിക്കെങ്കിലും കരണക്കാരാകാൻ സാധിച്ച പ്രതീക്ഷയുടെ അംഗങ്ങൾക്കും, അദ്ദേഹത്തിന് സഹായമെത്തിക്കാൻ കൈകോർക്കുന്ന എല്ലാ നല്ല മനസുകൾക്കും പ്രതീക്ഷയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.

പ്രതീക്ഷ വെറുമൊരു വാക്കല്ല, പ്രവർത്തിയാണ്

ഒറ്റയ്ക്കും ഗ്രൂപ്പായും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരൻ, ജയിലിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു വ്യക്തിക്ക് ടിക്കറ്റ് നൽകുവാനായി ചെന്നപ്പോൾ, അന്ന് നാട്ടിൽ പോകേണ്ടയാൾ ഒരു കാലി ബോക്സ്‌ ചോദിക്കുകയും, അതിന്റെ ആവശ്യം അന്വേഷിച്ചപ്പോൾ, നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, അവിടെ ഗൾഫിൽ നിന്നും വരുന്ന അച്ഛനെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ കുഞ്ഞു മക്കൾക്ക് നൽകുവാനായി, ജയിലിൽ ലഭിച്ചിരുന്ന ബിസ്ക്കറ്റ് പോലെയുള്ള ഭക്ഷണസാധനങ്ങളിൽ നിന്നും മിച്ചം പിടിച്ച് സ്വരുക്കൂട്ടിയവ പായ്ക്ക് ചെയ്യാനാണെന്നുള്ള, ആ സഹോദരന്റെ ദൈന്യതയിൽ, നെഞ്ച് പിടഞ്ഞ കൂട്ടുകാർ, ആ വ്യക്തിയുടെ മക്കൾക്കുള്ള ചോക്ലേറ്റ്സും, കളിപ്പാട്ടങ്ങളും അടങ്ങിയ ബാഗ് (ആദ്യ ഗൾഫ് കിറ്റ്) സമ്മാനിച്ചിടത്താണ് HOPE ബഹ്‌റൈൻ’ അഥവാ ‘പ്രതീക്ഷ ബഹ്‌റൈൻ’ എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്.

കഴിഞ്ഞ നാല് വർഷമായി, വിസ പ്രശ്നങ്ങളിൽ പെട്ടും, അത് പോലെയുള്ള മറ്റ് തെറ്റുകളുടെ പേരിൽ ജയിലിലായവർ ശിക്ഷാ കാലാവധി കഴിഞ്ഞു പോകുമ്പോഴും, സൽമാനിയ ഹോസ്പിറ്റലിൽ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വരുന്നവർ തുടങ്ങി, സമുദ്രാതിർത്തി ലംഖിച്ചതിന്റെ പേരിൽ ഖത്തർ തടവിലാവുകയും, പിന്നീട് മോചിതരായി വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന ഇരുപതോളം മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ, ഒരുപാട് പ്രതീക്ഷകളുമായി ഇവിടേയ്ക്ക് വന്ന്, പലവിധ പ്രശ്നങ്ങളിൽ പെട്ട് വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന, ഇരുനൂറോളം ഹതഭാഗ്യർക്ക് ഈ കൂട്ടായ്മ ഇതിനോടകം ‘ഗൾഫ് കിറ്റ്’ നൽകിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷകളുമായി ഇവിടേയ്ക്ക് വരുന്ന, ഏതൊരു ഗൾഫുകാരനും തിരിച്ച് വീട്ടിലെത്തുമ്പോൾ, ചെറിയ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കായി കൈയിലെന്തെങ്കിലും കരുത്തണമെന്നും, അവ സമ്മാനിക്കുമ്പോഴുള്ള ആ സന്തോഷം കണ്ട്, സ്വന്തം ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും തൽക്കാലത്തേക്കെങ്കിലും മറക്കണമെന്നുമുള്ള ആഗ്രഹം നിലനിൽക്കുന്നിടത്തോളം ‘പ്രതീക്ഷ ബഹ്‌റൈൻ’ ഈ ഉദ്യമവുമായി മുമ്പോട്ട് പോവുന്നു.

ഇതോടൊപ്പം തന്നെ ദിവവുമുള്ള സൽമാനിയ ഹോസ്പിറ്റൽ സന്ദർശനത്തിലൂടെ ആരോരും നോക്കാനില്ലാത്തവർക്ക് സഹായമാവാനും, അർഹതപ്പെട്ടവർക്ക് നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ സാധ്യമെങ്കിൽ എംബസിയുടെയും, അല്ലാത്ത കേസുകളിൽ സുമനസുകളുടെയും സഹായത്തോടെ ടിക്കറ്റും, ആവശ്യമെങ്കിൽ വീൽ ചെയറും, തുടർചികത്സാ സഹായവും നൽകാനും ഈ കൂട്ടായ്മ ശ്രമിച്ചു വരുന്നു.

സുഹൃത്തിന് ഭക്ഷണം പദ്ധതിയുടെ ഭാഗമായി ഓണം, വിഷു, മെയ് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിലും, റമദാൻ കാലയളവിലും, വിവാഹവാർഷികങ്ങൾ, ജന്മദിനങ്ങൾ പോലെയുള്ള ആഘോഷങ്ങളിലും, സ്വന്തം ആഘോഷങ്ങൾക്കൊപ്പം, ദിവസവും കുബൂസും തൈരും മാത്രമായി ജീവിതം തള്ളിനീക്കുന്ന, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ക്ലീനിങ് പോലെയുള്ള തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാറുമുണ്ട് ‘പ്രതീക്ഷ ബഹ്‌റൈൻ’ എന്ന ഈ കൂട്ടായ്മ. ഇക്കഴിഞ്ഞ വിഷു ദിനത്തിൽ ബഹ്‌റൈൻ മ്യൂസിയത്തിലെ അൻപതോളം ശുജീകരണ തൊഴിലാളികൾക്ക് വിഷു സദ്യ എത്തിച്ചുകൊണ്ടാണ് ഈ കൂട്ടായ്മയുടെ പ്രവർത്തകർ വിഷു ആഘോഷിച്ചത്. നിങ്ങളുടെ വിശേഷ ദിവസങ്ങളിലും ഈ കൂട്ടായ്മയെ ബന്ധപ്പെടാവുന്നതാണ്.

സുഹൃത്തിനൊരു വസ്ത്രം പദ്ധതിയുടെ ഭാഗമായി, ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച്, ലേബർ ക്യാമ്പുകളിൽ എത്തിച്ചു കൊടുക്കുന്നതും ഈ കൂട്ടായ്മയുടെ പ്രവർത്തന മേഖലയിൽ പെട്ടതാണ്. ഇങ്ങനെ സൈസ് പ്രശ്നം കൊണ്ടും, ഫാഷൻ മാറിയത് മൂലവും, നമ്മുടെ അലമാരകളിൽ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയോടെ പ്രതീക്ഷ ബഹ്റൈനെ ഏൽപ്പിച്ചാൽ അത് മറ്റൊരു മനസ് സന്തോഷിക്കുന്നതിന് കാരണമാവും.

ഇത്തരം പ്രഖ്യാപിത ലക്ഷ്യങ്ങളുമായി മുമ്പോട്ട് പോകുന്നതോടൊപ്പം, ജോലി നഷ്ടപ്പെട്ടും, ശമ്പളം മുടങ്ങിയും, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്കും, കുടുംബങ്ങൾക്കും ഭക്ഷണ സാധനങ്ങൾ എത്തിക്കാനും പ്രതീക്ഷ പ്രവർത്തകർ ശ്രമിക്കാറുണ്ട്. ഇതിന്റെ ഇതുവരെയുള്ളതിൽ അവസാന ശ്രമമായിരുന്നു ഈ മാസം തന്നെ, റിഫയിൽ താമസിക്കുന്ന പന്തളം സ്വദേശികളായ കുടുംബത്തിന്, ഭക്ഷണം പാകം ചെയ്യുന്നതിന്, ഒരു മാസത്തേയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ സാധിച്ചത്. കൂടാതെ ദൈന്യതയുടെ ആഴം മനസിലാക്കിയപ്പോൾ, ഫീസ് പെൻഡിങ് മൂലം പത്താം ക്ലാസ് പഠനം മുടങ്ങി വീട്ടിൽ നിന്നിരുന്ന വടകര സ്വദേശികളുടെ കുട്ടിയുടെ ഫീസ് അടച്ച്, പഠനം പുനരാരംഭിക്കാൻ സാധിച്ചതും, വടകര സ്വദേശികളായ മറ്റൊരു കുടുംബത്തിലെ രണ്ട് പേർക്കും ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാവുകയും, ഭീമമായ ഫീസ് പെൻഡിങ് കാരണം മക്കളുടെ പഠനം പോലും മുടങ്ങിയെങ്കിലും, വിസ കാലാവധി കഴിഞ്ഞു തുടരുന്നതിന്റെ പേരിൽ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്ന സാഹചര്യത്തിൽ, വിസ ക്യാൻസൽ ചെയ്ത് കിട്ടുന്നതിന് ഫൈൻ അടയ്ക്കാനും, അവർക്ക് വേണ്ടുന്ന ടിക്കറ്റ് അറേഞ്ച് ചെയ്യുന്നതിനും പ്രതീക്ഷ ബഹ്റൈന് സാധിച്ചതും ഈ മാസത്തെ പ്രവർത്തനങ്ങളിൽ പെടുന്നു.

 

കൂടാതെ വിസ പ്രശ്നം മൂലം ജയിലിൽ ആക്കപ്പെട്ട കൊല്ലം സ്വദേശിക്ക് ആവശ്യമായ നിയമസഹായം നൽകി പുറത്തു കൊണ്ടുവരാൻ സാധിച്ചതും, ആ കുടുംബത്തെ സന്ദർശിച്ച് അവർക്കാവശ്യമായ മാനസീക പിന്തുണ നൽകുവാൻ സാധിച്ചതും, വിസിറ്റ് വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടർന്നതിന്റെ പേരിൽ ജയിലിലാക്കപ്പെട്ട മഹാരാഷ്ട്ര സ്വദേശിക്ക്, ഈ ആഴ്ചയിലേക്കുള്ള ടിക്കറ്റ് അറേഞ്ച് ചെയ്യാൻ സാധിച്ചതും, സൽമാനിയ ഹോസ്പിറ്റലിൽ നിന്നും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ആലപ്പുഴ സ്വദേശിക്ക്, എംബസ്സിയുടെ സഹായത്താൽ ടിക്കറ്റ് അറേഞ്ച് ചെയ്യാൻ സാധിച്ചതും ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയുടെ ഈ മാസത്തെ പ്രവർത്തനങ്ങളുടെ മാറ്റു കൂട്ടുന്നു. പ്രതീക്ഷയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നവർക്ക് 3717 0013 (ജെറിൻ), 3412 5135 (അൻസാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!