കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാനാകില്ലെന്ന ഉറച്ച തീരുമാനവുമായി രാഹുൽ ഗാന്ധി. രാജി വക്കുമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ നേതൃ തലത്തിൽ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം ചര്‍ച്ചകൾ നടത്തിയെങ്കിലും രാജി തീരുമാനത്തിൽ ഉറച്ച നിലപാടിലാണ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാൻ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുൽ ഗാന്ധി കൈക്കൊണ്ടത്. ഒരുമാസത്തിനകം കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.