മനാമ: ബി എ പി എസ് സ്വാമിനാരായൺ ക്ഷേത്രം വനിത വിഭാഗം ആദ്യമായി അച്ചാർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വീടുകളിൽ ഉണ്ടാക്കിയ 32 തരം അച്ചാറുകളാണ് ഫെസ്റ്റിവലിൽ ഒരുക്കിയത്. ശുറാ കൗൺസിൽ അംഗം എച്ച്.ഇ. നാൻസി കേദൂർ അച്ചാർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സമൂഹവുമായി പാചക സംസ്കാരം പങ്കുവയ്ക്കുകയും അടുത്ത തലമുറയ്ക്കായി അത് പരിപോഷിപ്പിക്കുകയും ചെയ്ത ബി എ പി എസ് സെന്ററിനെ നാൻസി പ്രശംസിച്ചു. 100 ൽ അധികം അതിഥികൾ ഫെസ്റ്റിവലിൽ പങ്കെടുത്തു.
അച്ചാർ ഉണ്ടാക്കുന്ന മത്സരം ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായിരുന്നു. മത്സരത്തിൽ ഷീന അഭദേവ്, അൽപ സാഗർ, പായൽ കശ്യപ്, ബിച്ചിത്ര എന്നിവർ സമ്മാനങ്ങൾ നേടി. മാങ്ങ, മുളക് എന്നിവയുടെ വിവിധതരം അച്ചാറുകളും അതോടൊപ്പം ഗുണ്ടാ, ബോറാജ് ബെറിസ് എന്നിവയുടെ വ്യത്യസ്തമായ അച്ചാറുകളും ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. വനിത വിഭാഗത്തിന്റെ ഭക്ഷണശാലകളും ഫെസ്റ്റിവലിന്റെ ആകർഷണമായിരുന്നു. ഭക്ഷണശാലയിൽ പരമ്പരാഗതമായ ശ്രീകണ്ഠ -പുരി, പാവ് ഭാജി എന്നിവയും വനിത വിഭാഗം ഒരുക്കിയിരുന്നു.