ദുബായ്: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് ആഗോള റീട്ടെയിൽ മേഖലയിലെ മുൻനിര കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. യു.എ.ഇ. റീട്ടെയിൽ മേഖലയിൽ നിന്നും രണ്ട് സ്ഥാപനങ്ങൾ മാത്രമാണ് ഇടം കണ്ടത്. ലുലു ഹൈപ്പർമാർക്കറ്റും മാജിദ് അൽ ഫുത്തൈം ഗ്രൂപ്പിൻ്റെ ക്യാരിഫോറുമാണ് യു.എ.ഇ.യിൽ നിന്ന് പ്രമുഖ ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്.
അമേരിക്കൻ കമ്പനിയായ വാൾമാർട്ടാണ് പട്ടികയിൽ മുൻനിരയിലുള്ളത്. അമേരിക്കയുടെത് തന്നെ കമ്പനികളായ കോസ്റ്റ്കോ ഹോൾ സെയിൽ കോർപ്പറേഷൻ, ആമസോൺ, ജർമ്മൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പ്, അമേരിക്കൻ കമ്പനിയായ ദ ക്രോഗർ കമ്പനി എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ള മറ്റ് സ്ഥാപനങ്ങൾ. പ്രമുഖ സ്വീഡിഷ് ഫർണ്ണിച്ചർ കമ്പനിയായ ഐക്കിയ, ഇന്ത്യയിലെ റിലയൻസ് റീട്ടെയിൽ എന്നിവരും പട്ടികയിലുണ്ട്
ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി ഉടമസ്ഥതയിലുള്ള ഏക സ്ഥാപനവും ലുലുവാണെന്നത് ശ്രദ്ധേയമാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടാണ്. കോവിഡ്-19 ആഗോള വാണിജ്യ മേഖലകളെ മന്ദഗതിയിലാക്കുമ്പോൾ മുന്നോട്ടുള്ള പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മുന്ന് ഹൈപ്പർമാർക്കറ്റുകളാണ് വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പ് ആരംഭിച്ചത്. യു.എ.ഇ.യിലെ അബുദാബി, ഈജിപ്തിലെ കയ്റോ, ഇന്തോനേഷ്യയിൽ ജക്കാർത്ത എന്നിവിടങ്ങളിലാണിത്.
യു.എ.ഇ.യിൽ മാത്രം അടുത്ത ഒരു വർഷത്തിനുള്ളിൽ 8 മുതൽ 12 വരെ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഇത് കൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. കോവിഡിൻ്റെ വ്യാപനം വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെങ്കിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു കൊണ്ട് പ്രവർത്തനം വിപുലീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
ഇത് കൂടാതെ കേരളത്തിൻ്റെ വിവിധ ജില്ലകളിലും ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൃശ്ശൂർ, കോട്ടയം, കാസർകോട്, പെരിന്തൽമണ്ണ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രരംഭ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.