മനാമ: ബഹ്റൈനിൽ 418 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഓഗസ്റ്റ് 7 ന് 24 മണിക്കൂറിനിടെ 9395 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 190 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 225 പേർക്ക് സമ്പർക്കങ്ങളിലൂടെയും 3 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 331 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 40276 ആയി ഉയർന്നു.
നിലവിൽ 2872 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 40 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ഒരു മലയാളിയടക്കം മൂന്ന് പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ആകെ മരണ സംഖ്യ 159 ആയി. ഇതുവരെ ആകെ 886095 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.