നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം; ബഹ്‌റൈനിലെ റസ്റ്റോറന്റുകള്‍ വീണ്ടും തുറക്കുമ്പോള്‍ അറിയേണ്ടതെല്ലാം!

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ അടച്ചിട്ട റസ്റ്റോറന്റുകള്‍ വീണ്ടും തുറക്കുകയാണ്. സെപ്റ്റംബര്‍ മൂന്നു മുതല്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദമുണ്ടായിരിക്കും. സെപ്റ്റംബര്‍ 24 മുതല്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനും അനുമതി ലഭിക്കും. എന്നാല്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകളോടെ മാത്രമെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയു. ആരോഗ്യ മന്ത്രാലയത്തിന്റെ പൊതുനിര്‍ദേശങ്ങളും ഇതിനോടൊപ്പം പാലിക്കണം.

ഹോട്ടലുകള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തില്‍ പരിശോധിക്കുന്നതിന് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കണം. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉള്ളവരെ അകത്ത് കടത്തരുത്. വിവരങ്ങള്‍ ആരോഗ്യ മന്ത്രാലത്തിന്റെ 444 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശിക്കണം.

2. കോവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളവരെ ഹോട്ടലിന് അകത്ത് പ്രവേശിപ്പിക്കരുത്.

3. ഹോട്ടലില്‍ മുന്‍കൂര്‍ ബുക്കിംഗ് (റിസര്‍വേഷന്‍) സംവിധാനം പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെങ്കില്‍ റിസര്‍വേഷന്‍ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.

4. മുന്‍കൂര്‍ ബുക്കിംഗിലൂടെ എത്തുന്ന ഓരോ സംഘത്തിലെയും ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസര്‍വേഷന്‍ സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് ഈ വിവരങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.

5. സീറ്റ് ലഭ്യമല്ലെങ്കില്‍ ഉപഭോക്താവ് പുറത്ത് കാത്തുനില്‍ക്കണം. പ്രവേശന കവാടങ്ങളിലും ഭക്ഷണമേശകളിലും റെസ്റ്റ് റൂമുകളിലും 70 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പു വരുത്തണം.

6. പേപ്പര്‍ നാപ്കിനുകള്‍ ലഭ്യമാക്കണം.

8. ഒരു തവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകള്‍ 80 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് ഉചിതം.

9. ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കണം. (ഭക്ഷണം കഴിക്കുമ്പാേഴും വെള്ളം കുടിക്കുമ്പോഴും ഒഴികെ). ഇതിന് കൂട്ടാക്കാത്തവരെ ഹോട്ടലില്‍ നിന്ന് പുറത്താക്കണം.

10. മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കണം. ഇടക്കിടെ മാല്യന്യങ്ങള്‍ നീക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.

11. ബുഫേ ആണെങ്കില്‍ ഭക്ഷണം ഒരു വേലിക്കപ്പുറം സൂക്ഷിക്കണം. ജീവനക്കാര്‍ മാത്രം എടുത്തുകൊടുക്കണം. ലൈന്‍ നില്‍ക്കുമ്പാേള്‍ സാമൂഹിക അകലം പാലിക്കണം.

12. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒരു തവണ ഭക്ഷണം കഴിഞ്ഞാല്‍ മാറ്റണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടിന്നുകളിലായിരിക്കണം അവ വെക്കേണ്ടത്.