ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ ഇതുവരെ 20 മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. ദുരന്ത സ്ഥലത്ത് രണ്ടാംദിന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് 8 കുട്ടികളടക്കം 48 പേരെയാണ്. മണ്ണിടിച്ചില്‍ ഉണ്ടായ ലയങ്ങളില്‍ 78 പേരാണ് താമസിച്ചിരുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 15 പേരെ ഇന്നലെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് പേര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എട്ടു പേര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. പെട്ടിമുടിയില്‍ മരണപ്പെട്ടവരുടെ സംസ്‌കാരം ഇവരുടെ ലയങ്ങള്‍ക്ക് സമീപം തന്നെ നടത്താനാണ് തീരുമാനം. പോസ്റ്റ്മോര്‍ട്ടവും പെട്ടിമുടിയില്‍ തന്നെ നടക്കും.
രണ്ടാംദിന തിരച്ചില്‍ ആരംഭിച്ചെങ്കിലും ഹൈറേഞ്ചിലുള്ള പെട്ടിമുടിയില്‍ കനത്ത മഴയും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ആരക്കോണത്ത് നിന്നുള്ള 58 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ഇന്നലത്തെക്കാള്‍ കൂടുതല്‍ സംഘടിതമായ രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. എന്നാല്‍ ഇടുക്കിയില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളുമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട നിരവധിപ്പേര്‍ പുഴയിലൂടെ ഒഴുകിപ്പോയിരിക്കാമെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. കലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നാലു ലയങ്ങളിലെ മുപ്പതു മുറികള്‍ക്ക് മുകളില്‍ വീണ മണ്ണും പാറകളും നീക്കം ചെയ്ത് ആളുകളെ കണ്ടെത്താനുള്ള ശ്രമം അതീവ ദുഷ്‌കരമാകും. മന്ത്രി എംഎം മണി 9 മണിയോടെയും റവന്യൂമന്ത്രി 11 മണിയോടെയും മൂന്നാറില്‍ എത്തിയിട്ടുണ്ട്.