ബഹ്റൈനിൽ 635 പേർക്ക് കൂടി കോവിഡ് മുക്തി, 586 പുതിയ കേസുകൾ; ആകെ പരിശോധനക്ക് വിധേയമായവർ 14 ലക്ഷം കവിഞ്ഞു

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 635 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 62887 ആയി ഉയർന്നു. ഒപ്പം തന്നെ രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയവരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. 1407572 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ജനസംഖ്യാ അനുപാതത്തിൽ ഉയർന്ന നിരക്കിൽ പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.

അതേസമയം സെപ്റ്റംബർ 26 ന് 24 മണിക്കൂറിനിടെ 9118 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 586 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 144 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 6232 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 61 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട രണ്ട് സ്വദേശികളും ഒരു മലയാളിയുമടക്കം 234 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വരുന്ന രണ്ടാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.