ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 80,472 പുതിയ കേസുകള്‍, 1,179 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 62,25,764 ആയി ഉയര്‍ന്നത്. ഇന്നലെ 1,179 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണ നിരക്ക് 97,497 ആയി. നിലവില്‍ 9,40,441 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

രജ്യത്തെ രോഗമുക്തി നിരക്ക് 83.01 ശതമാനമായി ഉയര്‍ന്നു. ലോകത്തെ തന്നെ ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്. 51,87,826 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. അതേസമയം കൊവിഡ് ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഒരാഴ്ച്ചയായി കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ 10,86,688 സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 7,41,96,729 സാംപിളുകള്‍ പരിശോധിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 7354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 719 ആയി ഉയര്‍ന്നു.