മലയാളം മിഷന്‍ സീനിയര്‍ ഡിപ്ലോമ കോഴ്‌സ് പഠിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനോത്സവം ഇന്ന്

മനാമ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ ദീര്‍ഘകാലമായി പഠനകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും മലയാളം മിഷന്റെ ഭാഷാ പഠന ക്ലാസ്സുകള്‍ സജീവം. നേരിട്ട് ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഒരു മണിക്കൂര്‍ വീതമുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ബഹ്‌റൈനിലെ ഏഴ് മേഖലാ പഠനകേന്ദ്രങ്ങളിലും നടക്കുന്നത്. ആദ്യഘട്ടത്തില്‍ വാട്‌സാപ്പ് മുഖേനയും ഇപ്പോള്‍ സൂം, ഗൂഗിള്‍ ക്ലാസ് റൂം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്.

പാഠശാലകള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുന്നതിനാല്‍ 2019 അധ്യയന വര്‍ഷത്തെ പരീക്ഷകളും മുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷകള്‍ നടത്താന്‍ മലയാളം മിഷന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി മലയാളം മിഷന്‍ സീനിയര്‍ ഡിപ്ലോമ കോഴ്‌സായ ‘ആമ്പല്‍’ ക്ലാസ്സുകളില്‍ മൂന്ന് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനോത്സവം ഇന്ന് നടക്കും.

മലയാളം മിഷന്‍ വിദഗ്ദ്ധ സമിതിയുടെ നീരീക്ഷണത്തില്‍ സൂം മുഖേനയുള്ള പഠനോത്സവം രാവിലെ 9 മണിക്ക് ആരംഭിക്കും. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയ്ക്ക് പുറത്ത് ഇത് ആദ്യമായാണ് മലയാളം മിഷന്‍ ഓണ്‍ പഠനോത്സവം സംഘടിപ്പിക്കുന്നത്. ഇതേ മാതൃക പിന്തുടര്‍ന്ന് ഒക്ടോബര്‍ 16ന് സൂര്യകാന്തി പഠനോത്സവവും 30ന് കണിക്കൊന്ന പഠനോത്സവവും നടത്തുന്നതാണെന്ന് മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.