ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ഒരു മലയാളി കൂടി മരണപ്പെട്ടു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത്​ സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ്​ മരിച്ചത്​. ബി.ഡി.എഫ്​ ആ​ശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ബഹ്​റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡൻറും ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷ് ട്രസ്റ്റിയും കെ. സി. ഇ. സി. യുടെ മുന്‍ കമ്മറ്റി അംഗവുമാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് സാമുവൽ.

ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 239 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. പുതുതായി 585 പേർക്കാണ്​ ഇന്നലെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരിൽ 104 പേർ പ്രവാസികളാണ്​. 777 പേർ രോഗമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6281 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. 62252 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 1398454 പേരെയാണ് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നുണ്ട്.