നാട്ടിൽ നിന്നും ബഹ്റൈനിലേക്കുള്ള അമിത ടിക്കറ്റ് നിരക്ക് ചൂഷണത്തിനെതിരെ അടിയന്തിര ഇടപെടൽ വേണം: ബഹ്‌റൈൻ പ്രതിഭ

മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് മടക്ക യാത്രക്കുള്ള അമിത ടിക്കറ്റ് നിരക്ക്. കോവിഡ് കാല ജീവിതം ഏറ്റവും ദുരിതപൂർണ്ണമാക്കിയിരിക്കുന്നത് നാട്ടിലകപ്പെട്ടു പോയ പ്രവാസിയെയും അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളെയുമാണ്. കോവിഡ് മഹാമാരി ഇത്ര കാലം നീണ്ടു നിൽക്കും എന്ന പ്രതീക്ഷയിൽ അല്ല ആരും പ്രവാസത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ചെന്നെത്തിയവരാകട്ടെ വിമാനം ലഭിക്കാതെ വിസ കാലാവധിയുടെ തിയ്യതിയെ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്റെ മാനസിക അവസ്ഥയോടെ നോക്കി ഉരുകുകയാണ്. ഏത് നിമഷവും ജോലി പോകാം എന്ന പരിഭ്രാന്തിയിൽ പെട്ട

മാസങ്ങളായി വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരിൽ സാധാരണക്കാരായ വലിയൊരു വിഭാഗം പ്രവാസി മലയാളികളെയാണ് വിമാനക്കമ്പനികളുടെ ഈ ചൂഷണ നിലപാട് ദുരിതത്തിലാക്കിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രി, നോർക്ക അധികാരികൾ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തയച്ച എം.പി. മാർ, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുടെ സത്വര ശ്രദ്ധയിലേക്ക്
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ പ്രതിഭ ഭാരവാഹികൾ ഇക്കാര്യം അറിയിക്കുകയും അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട കേന്ദ്ര ഭരണാധികാരികളുടെ അടിയന്തര ഇടപെടൽ നടക്കുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ബഹ്റൈനിലെ പ്രവാസ ലോകം ഒന്നടങ്കം ഈ നീതി നിഷേധത്തിനെതിരെ ശബ്ദിക്കണമെന്നും എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാവണമെന്നും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ പ്രസിഡണ്ട് കെ.എം സതീഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.