ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകള്‍, 1,181 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടയാണ് രോഗികളുടെ എണ്ണം 63,12,585 ആയി ഉയര്‍ന്നത്. ഇന്നലെ 1,181 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണ നിരക്ക് 98,678 ആയി. നിലവില്‍ 9,40,705 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 83.33 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52,73,202 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് അണ്‍ലോക്ക് 5ന്റെ ഭാഗമായി സിനിമ തീയറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം രാജ്യത്തെ പ്രധാന കൊവിഡ് കേന്ദ്രമായ മഹാരാഷ്ട്രയില്‍ ഇതുവരെ 1,384,446 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആന്ധ്രാ പ്രദേശില്‍ 690,000 പേരും, തമിഴ്നാട്ടില്‍ 591,943 പേരും, കര്‍ണ്ണാടകയില്‍ 592,911 പേരും, ഉത്തര്‍ പ്രദേശില്‍ 399,082 പേരും ഇതുവരെ രോഗബാധിതരായി.

അതേസമയം കേരളത്തില്‍ ഇന്നലെ 8830 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 742 ആയി ഉയര്‍ന്നു.