പതിനഞ്ച് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മൊയ്തുണ്ണിക്ക് കൈത്താങ്ങായി ബി.കെ.എസ്.എഫ്

മനാമ: 15 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന മൊയുണ്ണിക്ക് യാത്ര രേഖകളും, ടിക്കറ്റും ബി കെ എസ് എഫ് കൈമാറി. അതോടൊപ്പം വീടില്ലാത്ത അദ്ദേഹത്തിന്റെ വീടുപണിയുടെ ഉത്തരവാദിത്വവും ബികെഎസ്എഫ് കൂട്ടായ്മയുടെ നിർദ്ദേശപ്രകാരം പീപ്പിൾസ് ഫൗണ്ടേഷൻ ഏറ്റെടുത്തു.

26 ആം തിയതി നാട്ടിലേക്ക് മടങ്ങുന്ന മൊയ്‌തുണ്ണിയുടെ യാത്രാ രേഖകളും ടിക്കറ്റും കഴിഞ്ഞ ദിവസം മനാമ ഗോൾഡ് സിറ്റിയിലുള്ള കെ സിറ്റി, ബികെഎസ്എഫ് ആസ്ഥാനത്ത് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ, വെളിച്ചം വെളിയംങ്കോടിന്റെ ഭാരവാഹികളുടെ സാനിധ്യത്തിൽ ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെൽപ്പ്ലൈൻ കൈമാറി.

ചടങ്ങിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരി ബഷീർ അമ്പലായി മൊയ്തുണ്ണിക്ക് ടിക്കറ്റും യാത്രാ രേഖകളും കൈമാറി. ഏറെ അർഹതപ്പെട്ട ഈ സഹായത്തിനായി ബികെഎസ്എഫ് ന് യാത്രാ ടിക്കറ്റ് അനുവദിച്ച മലയാളി ബിസിനസ് ഫോറം ഭാരവാഹിക്കും, വീട് നിർമാണം ഏറ്റെടുത്ത പീപ്പിൾസ് ഫൗണ്ടേഷനും ബികെഎസ്ഫ് നന്ദി അറിയിച്ചു.

യാത്രയയപ്പ് യോഗത്തിൽ മൊയ്തുണ്ണി താൻ പിന്നിട്ട പ്രവാസ ജീവിതത്തിലെ ദുരിതങ്ങളും ചില നല്ല ഓർമ്മകളും വിവരിച്ചു. ചടങ്ങിൽ ബികെഎസ്ഫ് ഭാരവാഹികളായ ലെത്തീഫ് മരക്കാട്ട്,  അൻവർ കണ്ണൂർ, വെളിച്ചം വെളിയംങ്കോട് ഭാരവാഹികളായ ബഷീർ വി എം ബി, ബഷീർ ആലൂർ, ഹിദായത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.