മനാമ: പൊടിക്കാറ്റും തണുപ്പും ശക്തമായതോടെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പൊടിക്കാറ്റും തണുപ്പും ശക്മായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇന്നത്തെ കുറഞ്ഞ താപനില 11°C ഉം ഉയർന്ന താപനില 20°C ഉം ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈർപ്പം 80% വരെ ഉയരാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ പല റോഡുകളിലും വാഹനാപകടങ്ങൾ ഉണ്ടാകുകയും, ബോർഡുകളും പോസ്റ്റുകളും മറിഞ്ഞു വീഴുകയും ചെയ്തു. സൽമാനിയയിൽ ലാംപ് പോസ്റ്റ് കാറിനു മുകളിലേക്ക് മറിഞ്ഞു വീണെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
വരും ദിവസങ്ങളിലും ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും, ശക്തമായ തിരമാല അടിക്കാൻ സാധ്യത ഉള്ളതിനാൽ, കടലിൽ മത്സ്യ ബന്ധനം നടത്തുന്നവരും, പൊടിപടലങ്ങൾ കാഴ്ച മറക്കാൻ സാധ്യത ഉള്ളതിനാൽ നിരത്തുകളിൽ വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തണുപ്പ് വർദ്ധിക്കുന്നത് കോവിഡ് വ്യാപന സാധ്യത ഉയർത്തും എന്നതിനാൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും നിർദ്ദേശിച്ചു. മുൻകരുതൽ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. പൊടിപടലങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും, എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും അധികൃതർ വ്യക്തമാക്കി.