ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം; ബഹ്റൈനിലെ റെസ്റ്റോറൻ്റുകളിൽ ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് വീണ്ടും ഡൈനിംഗ് നിരോധനം

സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ല; ഓൺലൈൻ ക്ലാസുകൾ മാത്രമായി തുടരും

മനാമ: ജനിതകമാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി ബഹ്റൈൻ. ജനുവരി 31 മുതൽ വീണ്ടും റെസ്റ്റോറൻ്റുകളിൽ ഡൈനിംഗ് നിരോധനം ഏർപ്പെടുത്തി. ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ടേക് എവേ – ഡെലിവറി സമ്പ്രദായങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.

സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ല, പകരം ഓൺലൈൻ ക്ലാസുകൾ മാത്രമായി തുടരണം.

ഇന്ന് കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനിയ് ആണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങൾ പൊതുസ്ഥലങ്ങളിൽ കൂടിച്ചേരലുകൾ പൂർണമായും ഒഴിവാക്കണമെന്നും മാസ്ക് ധരിക്കാതെ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും എല്ലാ വിധ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.