കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ദില്ലി പൊലീസിന്റെ അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കാർഷികനിയമഭേദഗതിക്ക് എതിരെ ദില്ലി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന പൊലീസിന്റെ അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജനുവരി 27 (ബുധനാഴ്ച) ഇനി കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉത്തരവ് നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. വാക്കാൽ പരാമർശം മാത്രമാണ് ഇക്കാര്യത്തിൽ സുപ്രീംകോടതി നടത്തിയിരിക്കുന്നത്.