കേരളത്തിൽ തിയേറ്ററുകള്‍ തുറന്നു; ആദ്യ പ്രദർശനം വിജയ് യുടെ തമിഴ് ചിത്രം ‘മാസ്റ്റര്‍’

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു. വിജയ് യുടെ തമിഴ് ചിത്രമായ ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇന്ന് ഒമ്പതുമണിക്ക് തിയേറ്ററുകള്‍ തുറന്നത്. പലയിടത്തും കാണികളുടെ നീണ്ട നിരയാണ് കാണുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയേറ്ററുകള്‍ പ്രവർത്തിക്കുന്നത്. അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തിയേറ്ററിൽ പ്രവേശിക്കുന്ന ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും നൽകും. ആദ്യ പ്രദര്‍ശനത്തിന് തന്നെ ആവേശത്തോടെയാണ് ആളുകൾ തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്