കൊച്ചി: ആദ്യഘട്ട കോവിഷീൽഡ് വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാവിലെ 10.55 ഓടെ കൊച്ചിയിലെത്തി. മുംബൈയിൽനിന്നുള്ള ഗോ എയർ വിമാനത്തിലാണ് കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്. വാക്‌സിനുമായുള്ള ആദ്യ വാഹനം കോഴിക്കോട് ജില്ലയിലേക്ക് പോകും. കനത്ത പോലീസ് സുരക്ഷയിലാണ് വാക്‌സിന്‍ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോവിഡ് വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം തുടങ്ങിയ സമീപ ജില്ലകളിലേക്ക് അയക്കും. 25 ബോക്സുകളിലായി 1.80 ലക്ഷം ഡോസ് വാക്സിനാണ് പ്രത്യേക താപനില ക്രമീകരിച്ച് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സിൽ 12000 ഡോസ് വീതം ഉണ്ടാകും. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർ കുത്തിവെപ്പ് എടുക്കുന്നത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,00 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും മാഹിയിൽ 1100 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. കേരളത്തിലെ 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകുന്നത്. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.