അനുഗ്രഹങ്ങളുടെ പുണ്യ മാസം – ‘നൗഷാദ് മഞ്ഞപ്പാറ’ എഴുതുന്നു

പരിശുദ്ധ റമദാൻ മാസത്തിന് സ്വാഗതമോതിക്കൊണ്ട് ശഅബാൻ മാസം വിട പറയുമ്പോൾ വിശ്വാസികൾക്ക് ആവേശവും  സന്തോഷവും പകർന്ന് പുണ്യങ്ങളുടെ പൂക്കാലം വരികയാണ്.

പരിശുദ്ധ റമദാനെ വരവേൽക്കാൻ, ആത്മീയ ഉൽപുളകത്തോടെ സ്വീകരിക്കാൻ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. വ്രത ശുദ്ധിയുടെ ദിന രാത്രങ്ങൾക്ക് സ്വാഗതമോതുകയാണ് ലോക ഇസ്ലാമിക സമൂഹം. സഹോദര സമുദായങ്ങളിലെ പല രും അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് മുസ്ലിം സുഹൃത്തക്കളോടൊപ്പം ചേർന്ന് നോമ്പെടുക്കുന്ന കാഴ്ച പ്രവാസ ലോകത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്. സൗഹൃദവും, സാഹോദര്യവും, സ്നേഹം പങ്കു വെക്കലും, ഒന്നിച്ചിരുന്നുള്ള ഇഫ്താറും പ്രവാസലോകത്ത് ചിരപരിചിതമാണ്. പരിശുദ്ധ റമളാന്റെ രാപ്പകലുകൾ പാപമോചനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്. ഈ സുവർണാവസരം ഉപയോഗപ്പെടുത്താൻ സാധിക്കുന്നിടത്താണ് വിജയം. ഇസ്ലാമിക ചരിത്രത്തിന്റെ ഗതി നിർണയിച്ച ബദറിന്റെ വിജയ പശ്ചാത്തലമാണ് റമളാന്റെ മറ്റൊരു സവിശേഷത. ലൈലത്തുൽ ഖദ്റിന്റെ സാന്നിധ്യം ആത്മീയതയുടെ ഉഛസ്ഥായിയാണ്.

ആരെങ്കിലും വിശ്വാസത്തോട് കൂടിയും പ്രതിഫലം ആഗ്രഹിച്ചും നോമ്പെടുത്താൽ അവന്റെ മുൻ കാല പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങളും പുണ്യങ്ങളുമാണ് വിശ്വാസിയെ കാത്തിരിക്കുന്നത്. വിശ്വാസിക്ക് സ്വന്തത്തെ നിയന്ത്രിക്കാനും ആത്മവിചാരങ്ങൾക്കനുസൃതമായി ശരീരത്തെ മെരുക്കിയെടുക്കാനുമുള്ള ഉൾകരുത്താണ് വ്രതത്തിലൂടെ ലഭ്യമാകുന്നത്. അല്ലാഹുവിനോടുള്ള വിധേയത്വം തനിക്ക് പരമ പ്രധാനമാണെന്നും അതിന് മുന്നിൽ ശാരീരിക അഭിലാഷങ്ങൾ പോലും അപ്രസക്തമാണെന്ന പ്രതിജ്ഞയാണ് വ്രതത്തിലൂടെ പ്രാവർത്തികമാക്കുന്നത്.

ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ച കുറക്കാൻ പര്യാപ്തമായ ഒരു മാധ്യമം കൂടിയാണ് വ്രതാനുഷ്ഠാനം. ഭൗതിക ജീവിതത്തിലെ സുഖലോലുപതയിൽകഴിയുന്ന പലർക്കും തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിഞ്ഞു കൂടുന്ന പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ വില മനസിലാക്കാൻ സാധിക്കാറില്ല. പത്തു പതിനഞ്ചു മണിക്കൂർ അന്ന പാനീയങ്ങൾ വർജിക്കുക വഴി ദരിദ്രനേയും വിശപ്പിനേയും അറിയാൻ കഴിയും. അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണെന്നും അതിൽ നിന്നൊരു പങ്ക് പാവങ്ങളുടെ അവകാശമാണെന്നും അതവർക്ക് നൽകണമെന്നും വ്രതം അവരെ ഓർമിപ്പിക്കുന്നു.

നാവിനെ നിയന്ത്രിക്കാൻ കഴിയുന്നവർ വലിയ ഭാഗ്യവാൻമാരാണ്. നോമ്പ് അതിനുള്ള പരിശീലനം നൽകുന്നു. ഒരാൾ തെറ്റായ വാക്കും പ്രവൃത്തിയും ഒഴിവാക്കാൻ തയാറായില്ലെങ്കിൽ അവൻ അന്ന പാനീയങ്ങൾ വെടിഞ്ഞത് കൊണ്ട് പടച്ചവന് ഒരാവശ്യവുമില്ല എന്ന പ്രവാചക വചനം ഗൗരവപൂർവം വിലയിരുത്തുക.

ഈ റമളാനിൽ ധാരാളം ഒരുപാട് ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളിയാകുവാനും, ഏറെ സൽകർമങ്ങൾ ചെയ്ത് പടച്ച തമ്പുരാന്റെ തൃപ്തി കരസ്ഥമാക്കി ജീവിതത്തിലുടനീളം അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ചും അവനെ സൂക്ഷിച്ചും ഭയപ്പെട്ടും ജീവിക്കുവാൻ സർവശക്തൻ നമുക്കേവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ…

നൗഷാദ് മഞ്ഞപ്പാറ
പ്രസിഡന്റ്‌
മൈത്രി സോഷ്യൽ അസോസിയേഷൻ
ബഹ്‌റൈൻ.