കോവിഡ് രണ്ടാം തരംഗം: അടുത്ത രണ്ടാഴ്ച വളരെ നിർണായകം

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കർശനമാക്കണമെന്നും കേന്ദ്രവും നീതി ആയോഗും മുന്നറിയിപ്പുനൽകി. 24 മണിക്കൂറിനിടെ 96982 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 446 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലിയില്‍ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

“എല്ലാ സംസ്ഥാനങ്ങളിലും രോഗം കൂടിവരികയാണ്. സർക്കാരുകളും ജനങ്ങളും അലംഭാവം കാട്ടരുത്. ഇക്കുറി മഹാമാരി കഴിഞ്ഞവർഷത്തേതിനേക്കാൾ രൂക്ഷമാണ്. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, മറ്റിടങ്ങളിലും ആർ.ടി.പി.സി.ആർ. പരിശോധനയും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും പ്രതിരോധ കുത്തിവെപ്പും ശക്തമാക്കണം”- കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്കയക്കാന്‍ 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.