ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ യൂത്ത് ഫെസ്റ്റിവൽ തരംഗിന് ഓൺലൈനിൽ തുടക്കമായി

മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2021ആദ്യഘട്ട മത്സരങ്ങൾ ചൊവ്വാഴ്ച ഓൺലൈനിൽ നടന്നു. ലെവൽ ഡി, സി വിദ്യാർത്ഥികൾ ഹിന്ദി, ഇംഗ്ലീഷ് കവിത പാരായണ മത്സരങ്ങളിൽ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കലാ മത്സരങ്ങളിലൊന്നാണ് ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ. 130 ഓളം ഇനങ്ങളിൽ വിദ്യാർത്ഥികളുടെ വൻ പങ്കാളിത്തം ഉണ്ടാവുന്ന മത്സരങ്ങളിൽ എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് നൃത്തം, കല, സംഗീതം എന്നിവയിലെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് ധാരാളം അവസരങ്ങൾ ലഭിക്കുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടങ്ങൾക്കിടയിലും വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടി ഓൺലൈനിൽ നടത്താൻ ഇന്ത്യൻ സ്കൂൾ തീരുമാനിച്ചുവെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. പരിപാടിക്ക് വിദ്യാർത്ഥികളിൽ നിന്നും ആവേശഭരിതമായ പ്രതികരണം ലഭിച്ചതായി സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
കലയിലും സാഹിത്യത്തിലും തങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് യൂത്ത് ഫെസ്റ്റിവൽ അവസരം ഒരുക്കുന്നതായി പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നേടുന്നവർക്ക് ഗ്രാൻഡ് ഫിനാലെയിൽ കലാശ്രി, കലതിലകം അവാർഡുകൾ നൽകും. ഇന്ത്യൻ സ്‌കൂളിൽ 12,250 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് തരംഗ്.