നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് 74.02%; ഫലം മെയ് രണ്ടിന്

തിരുവനന്തപുരം: ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത് 74.02 ശതമാനം പേർ. ഈ കണക്ക് അന്തിമമല്ല. തപാൽവോട്ടുകളും കണക്കിലെടുത്തിട്ടില്ല. ബുധനാഴ്ചയേ അന്തിമകണക്ക് ലഭ്യമാകൂ. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. ചൊവ്വാഴ്ച രാത്രി ലഭ്യമായ കണക്കനുസരിച്ച് 73.69 ശതമാനം പുരുഷന്മാരും 73.48 ശതമാനം സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 37.37 ശതമാനം പേരും വോട്ടുചെയ്തു.

2016-ൽ 77.35 ശതമാനമായിരുന്നു പോളിങ്. അന്തിമകണക്ക് 2016-ലെ പോളിങ് ശതമാനത്തിന് അടുത്തെത്തുമെന്നാണ് കരുതുന്നത്. കൂടാനും സാധ്യതയുണ്ട്. വോട്ടെടുപ്പിൽ രാവിലെ മുതൽ ആവേശം പ്രകടമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ 15,730 ബൂത്തുകൾ കൂടുതൽ അനുവദിച്ചതിനാൽ തിരക്കില്ലാതെ ആളുകൾക്ക് വോട്ടുചെയ്യാനായി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ഏഴിന് അവസാനിച്ചു. അവസാന മണിക്കൂറിൽ കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും വോട്ടുചെയ്യാനെത്തി. കാര്യമായ സംഘർഷങ്ങളോ കലഹങ്ങളോ ഇല്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ചിലയിടങ്ങളിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. വോട്ടിങ് യന്ത്രങ്ങളുടെ പിഴവും ഇത്തവണ അപൂർവമായിരുന്നു.