ബഹ്റൈനിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളുടെ എണ്ണം അഞ്ചായി

മനാമ: ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് രണ്ട് രാജ്യങ്ങൾക്ക് കൂടി ബാധകമാക്കി ബഹ്റൈൻ. ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പുതുതായി പിസിആർ പരിശോധനാ നിയമം ബാധകമാക്കിയത്.

യാത്രക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജറാക്കേണ്ടത്. 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പരിശോധന വേണ്ട. റിപ്പോർട്ടിലെ QRകോഡ് പരിശോധിക്കുമ്പോൾ റിസൽട്ട് നിർബന്ധമായും പിഡിഎഫ് രൂപത്തിൽ ലഭിക്കണം.

ഏപ്രിൽ 27 മുതലായിരുന്നു ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ ആർ ടി പി സി ആർ നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നത്.

ഈ രാജ്യങ്ങളിൽ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.