മനാമ: പൊതുജനങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍ പുനരാരംഭിച്ച പബ്ലിക് സര്‍വീസ് സ്ഥാപനങ്ങള്‍ വീണ്ടും അടച്ചുപൂട്ടേണ്ടിവരുമെന്ന് ഹെല്‍ത്ത് മിനിസ്ട്രി അണ്ടര്‍ സെക്രട്ടറി ഡോ. വാലിദ് അല്‍ മനേയ. കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്കുന്ന ടാസ്ക് ഫോഴ്സ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അണ്ടര്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. ജിംനേഷ്യം, പൊതു സ്വിമ്മിംഗ് പുളൂകള് എന്നിവയെല്ലാം നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ബഹ്റൈനില്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശങ്ങളോടെ മാത്രമെ ഇവയ്ക്ക് പ്രവര്‍ത്തിക്കാനാവു. സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടക്കുന്ന യാതൊരുവിധ നടപടികളും അനുവദിക്കില്ലെന്നാണ് അണ്ടര്‍സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ അശ്രദ്ധ വൈറസ് പടരുന്നതിന് കാരണമായേക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവില്‍ എല്ലാവരും മുൻകരുതൽ പാലിക്കാൻ തയാറായാൽ വളരെ വേഗംതന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയും. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് ബഹ്റൈന്‍ പിഴ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രതിരോധ നിര്‍ദേശങ്ങള്‍ മറികടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നീക്കമാണ് അവലംബിച്ചു വരുന്നത്.