മനാമ: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യങ്ങളുമായി ലുലുഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് ഫെസ്റ്റിവല്‍. ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള രുചി ഭേദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫുഡ് ഫെസ്റ്റിവല്‍. ഇന്ന് ആഗസ്റ്റ് 13 മുതലുള്ള ആറ് ആഴ്ച്ചകളിലെ വാരാന്ത്യങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയാണ് ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യന്‍ കറി, കെബാബ്, ബിരിയാണി തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭക്ഷണങ്ങള്‍ മേളയില്‍ ഒരുങ്ങും. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സ്‌പൈസസ് റസ്റ്റാറന്റ് ഷെഫ് പ്രമോദ് മേളയുടെ മൂന്ന് ദിനങ്ങളില്‍ ലൈവ് കുക്കിംഗ് ഷോ അവതരിപ്പിക്കും. വിവിധ ഘട്ടങ്ങളിലായിട്ടാണ് ലോകത്തിന്റെ രുചി ഭേദങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെയാണ് മേളയുടെ ആദ്യ ഘട്ടം.
ആഗസ്റ്റ് 20 മുതല്‍ 22 വരെ തായ് വിഭവങ്ങള്‍ പരിചയപ്പെടുത്തും. ആഗസ്റ്റ് 27 മുതല്‍ 29 വരെ പരമ്പരാഗത ബഹ്‌റൈനി വിഭവങ്ങള്‍, സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഇറ്റാലിയന്‍ വിഭവങ്ങളായ ഇറ്റാലിയന്‍ പാസ്ത, പിസ, ചീസ്, സെപ്റ്റംബര്‍ 10-12 തീയതികളില്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്കന്‍ രുചിയും 17 മുതല്‍ 19 വരെ ചൈന, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഭവങ്ങളും മേളയുടെ ഭാഗമായി ഒരുങ്ങും.
കോവിഡ്-19 വ്യാപനത്തോടെ വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഭക്ഷ്യമേളയെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു.