മനാമ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധ പദ്ധതിയുമായി ഐ സി എഫ്. പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ ശേഷം ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഇഷ്ടപ്പെട്ട ജോലി കിട്ടാനായി ഏതു കോഴ്സിനാണ് ചേരേണ്ടതെന്നും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ എങ്ങിനെ കണ്ടെത്തുമെന്നും വിശദീകരിക്കുന്നതിനാണ് ഐ സി എഫ് ഗൾഫ് തലത്തിൽ ഓഗസ്റ്റ് 15നു ശനിയാഴ്ച ബഹ്‌റൈൻ സമയം ഉച്ചക്ക് 2.00 മണിക്ക് വിപുലമായ വെബ്ബിനാർ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ട്രെയ്നറും സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറിയുമായ എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് വെബിനാറിന് നേതൃത്വം നൽകും.
ഉപരിപഠനം സംബന്ധിച്ച് മിക്ക വിദ്യാർത്ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഇവർക്ക് ശരിയായ മാർഗ നിർദേശങ്ങൾ നൽകി അവരുടെ ഉപരിപഠനത്തിന് സഹായകമാകുകയാണ് ലക്ഷ്യം. എൻട്രൻസ് സംബന്ധമായ വിവരങ്ങൾ, കേരളത്തിൽ ലഭ്യമായ പ്രഫഷണൽ, നോൺ പ്രഫഷണൽ കോഴ്‌സുകൾ, തുടങ്ങി വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും. വിവിധ കോഴ്‌സുകൾ, പ്രവേശന പരീക്ഷകൾ, പുതിയ തൊഴിൽ മേഖലകൾ, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, സ്കോളർഷിപ്പിനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് വെബ്ബിനാർ ഒരുക്കിയിരിക്കുന്നത്.
ഒരാളുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്ന ഘട്ടമാണ് വിദ്യാഭ്യാസ കാലം. അയാൾ എന്ത് ആകണം, എവിടെ എത്തിച്ചേരണം എന്നുള്ളതെല്ലാം നിശ്ചയിക്കപ്പെടുന്നത് ബാല്യത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. പത്താം തരത്തിൽ പഠിക്കുന്ന ഒരു കുട്ടി ഭാവിയെ സംബന്ധിച്ച വലിയ തീരുമാനം എടുക്കേണ്ടി വരുമ്പോൾ സംഭവിച്ചേക്കാവുന്ന പിഴവ് ഗുരുതരമാണ്. ഇവിടെയാണ് ഫലപ്രദമായ ഗൈഡൻസുകളുടെ പ്രാധാന്യവും രക്ഷിതാക്കളുടെ പങ്കാളിത്തവും പ്രസക്തമാകുന്നത്. ഈ വിഷയത്തിൽ നല്ല ധാരണ രൂപപ്പെടുത്തുകയും പരിചയ സമ്പന്നരിൽ നിന്ന് വിവരങ്ങൾ അറിയുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഇത്തരം പരിപാടി ഒരുക്കുന്നതെന്ന് ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉപകാരപ്രദമാവുന്ന രീതിയിലാണ് പരിപാടി ഒരുക്കുന്നത്.
എഡ്യൂനെക്സ്റ്റ് എന്ന പേരിൽ സൂം വെബ്ബിനാർ (ഐഡി: 854 8181 2590) വഴി നടക്കുന്ന പരിപാടിയുടെ ലൈവ് ബ്രോഡ്‌കാസ്റ്റിംഗ് ഐ സി എഫ് ഫെയ്‌സ്ബുക്ക് പേജിലും (facebook.com/icfgulf ) ലഭ്യമാവും.