മനാമ: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആരോഗ്യ സൗഖ്യവും സന്തോഷവും ഉണ്ടാവട്ടെയെന്ന് രാജാവ് പ്രസിഡന്റ് റാം നാഥ് കോവിന്ദിന് അയച്ച ആശംസാ സന്ദേശത്തില്‍ ആശംസിച്ചു.
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. കോവിഡ് -19 മഹാമാരിക്കിടയിലും ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന ബഹ്‌റൈന്‍ ഭരണ നേതൃത്വത്തോട് നന്ദിയറിയിക്കുന്നതായി അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം പറഞ്ഞു.

ഇന്ത്യൻ എംബസിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ നിന്ന്
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ബഹ്‌റൈന്‍ സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും അംബാസിഡര്‍ ആശംസിച്ചു.