മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടു പേർ മരിച്ചു. തൃശൂർ ചെന്ത്രാപിന്നി സ്വദേശികളായ വിളമ്പത്ത് അശോകന്‍റെ മകൻ രാജീവ് (39), വേളംബത്ത് വീട്ടിൽ സരസൻ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്.
മറ്റ് മൂന്ന് പേരിൽ രണ്ട് പേരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായാണ് വിവരം. ഒരാൾ ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ആശുപത്രി വിട്ടിട്ടുണ്ട്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ.
ശനിയാഴ്ച രാവിലെ വർക് ഷോപ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് ഗാരേജിനോട് ചേർന്നുള്ള താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടകാരണം വ്യക്തമല്ല.
ഇരുവരുടേയും കുടുംബം നാട്ടിലാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.