തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂര്‍ സ്വദേശി മണികണ്ഠന്‍ (72) ആണ് മരണപ്പെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് മണികണ്ഠനായിരുന്നു. ആസ്മ രോഗികൂടിയായ ഇയാളെ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 218 പേര്‍ക്കാണ് ഇതുവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗം ബാധിച്ചത്. കൂടാതെ 53 ഓളം പേര്‍ക്ക് അടുത്ത ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തില്‍ ഇന്ന് മാത്രം 7 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. പത്തനംതിട്ട കോന്നി സ്വദേശിനി ഷബര്‍ബാന്‍ കോട്ടയം മെഡിക്കല്‍ കോളജിലും ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ല ആശുപത്രിയിലും മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കല്‍ കോളജിലും കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണനും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 153 ആയി സംസ്ഥാനത്തെ ആകെ കൊവിഡ് മരണ നിരക്ക്.